കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറച്ച് നാളുകള്‍ ഡെല്‍ഹിയിലെ നാംഗ്ലോയി വഴി ബസ്സില്‍ യാത്രചെയ്യവെ , റോഡരുകില്‍ ഒരു കെട്ടിടത്തിനു മുകളില്‍ വലിച്ച് കെട്ടിയ ഒരു ബാനര്‍ കണ്ടു ഞാന്‍ അമ്പരന്നു പോയിരുന്നു. ഒരു ഗൈനക്കോളജിസ്റ്റ് അബോര്ഷന് സ്പെഷലിസ്റ്റാണു താനെന്നു വിളമ്പരപ്പെടുത്തുന്നതായിരുന്നു അത്. വിദേശ കാറുകളില്‍ വന്നിറങ്ങുന്ന വിഐപിമാരെക്കൂടാതെ, മൂന്നും നാലും ഗ്രഹണിപ്പിള്ളേരുമായി, നിഴലുകള്‍പോലുള്ള പട്ടിണിക്കോലങ്ങള്പോലും ദിവസവും തിക്കിത്തിരക്കി നില്ക്കുന്ന കാഴ്ച കാണാമായിരുന്നു, അവിടെ. ഡോക്ടര്‍ക്കാവട്ടെ, ഭിവാനിയിലും യമുനാനഗറിലും ഏക്കര്‍ കണക്കിനു കരിമ്പുപാടങ്ങള്‍ ഉദ്ദിഷ്ട കാര്യത്തിനായി വരവു വയ്ക്കപ്പെട്ടിരുന്നുവത്രേ.
നാട്ടില്‍ തൊഴിലാരംഭിച്ചതു മുതല്‍ ഞാന്‍ അഭിമുഖീകരിച്ച ഒരു ഡൈലമ ആയിരുന്നു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി. ഇവിടെയുള്ള സദാചാര ഗൈനക്കോളജിസ്റ്റുകള്‍ ദൈവത്തിന്റെയും മതത്തിന്റെയും പേരു പറഞ്ഞ് ജെന്യൂ യിന് സിറ്റുവേഷനുകളില്ക്കൂടിയും മസിലു പിടുത്തം നടത്തുന്നതു മൂലം കേസുകള്‍ കുറയുകയല്ല ചെയ്തത് മറിച്ച്, ഡോക്യു മെന്റേഷന് ഇല്ലാതെ, മെഡിക്കല്‍ ഷാപ്പുകളുടെ ഓരം പറ്റിയും, ലാടന്മാരുടെ ഗുദാമുകളിലും അബോര്ഷന് തഴച്ച് വളരുന്നതാണു ഞാന്‍ കണ്ടത്. തന്മൂലമുള്ള കോംപ്ലിക്കേഷനുകളു ടെ എണ്ണമാവട്ടെ പതിന്മടങ്ങ് കൂടുകയും ചെയ്തു; അതൊക്കെ ഇപ്പറഞ്ഞ സദാചാരികള്‍ തന്നെ, ലാടനെ പ്രാകിക്കൊണ്ടാണെങ്കിലും, ശരിപ്പെടുത്തേണ്ടിവരികയും ചെയ്തുകൊണ്ടിരുന്നുവെന്നല്ലാതെ വേറെന്ത്!
കമ്യൂ ണിസ്റ്റ് ഭരണകാലത്ത് റൊമേനിയയില്‍ അബോര്ഷന് നിയമവിരുദ്ധമായിരുന്നു. ഒരു പോളിടെക്നിക് വിദ്യാര്‍ത്ഥിനി കൂട്ടുകാരിയെ അവിഹിത ഗര്‍ഭം ഇല്ലാതാക്കാന്‍ സഹായിക്കുന്നതും, ശ്രമിച്ച് വിജയിക്കുന്നതുമാണു "ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്സ് " എന്ന, 2007-ല്‍ പാം ഡി ഓര് നേടിയ, റൊമേനിയന്‍ ചിത്രത്തിന്റെ ഇതിവൃത്തം.
അനധികൃതമായതു കൊണ്ടു തന്നെ പൈസച്ചെലവേറുമെന്നതിനാല് , ഇരന്നും വിലപേശിയുമൊക്കെയാണു അവര്‍ ഹോസ്റ്റലിലുള്ള കൂട്ടുകാരില്‍ നിന്നും അബോര്‍ഷനുള്ള പണവും സാധനങ്ങളും സ്വരൂപിക്കുന്നത്. ഒരുപാടു നുണകളിലൂടെയും നെറികേടുകളിലൂടെയുമാണു കഥ വികസിക്കുന്നത്. ഗര്‍ഭകാലത്തെക്കുറിച്ചും, കാരണത്തെക്കുറിച്ചും, ഹോട്ടലില്‍ മുറി ബുക്കു ചെയ്യുന്ന കാര്യത്തെക്കുറിച്ചായാലുമെല്ലാം നുണകള്‍ തന്നെയാണു ഗര്‍ഭിണി പറയുക. എന്നിരുന്നാലും തന്റെ പ്രണയവും ജീവിതവും മാറ്റി വച്ച് അവളെ സഹായിക്കാനൊരുങ്ങുന്ന കൂട്ടുകാരി ഛിദ്രകന്റെ ബ്ലാക്ക് മെയിലിങ്ങിനിരയായി അയാളുമൊത്ത് ശയിക്കാന്‍ വരെ തയ്യാറാവേണ്ടി വരുന്നുണ്ട് സിനിമയില്‍ .
കാതലായ ഒരു ജീവിതപ്രശ്നത്തെ അഭിമുഖീകരിക്കുന്നതിനിടെ, സഹവര്‍ത്തിത്വം, ഉത്തരവാദിത്തബോധം, ഒറ്റപ്പെടല്‍ , സഹാനുഭൂതി, സഹിഷ്ണുതയില്ലാത്ത സമൂഹം തുടങ്ങിയ ഒട്ടനവധി തലങ്ങളിലൂടെ സഞ്ചരിച്ച്, 24 മണിക്കൂറിനിടയില്‍ മറവിയിലേക്ക് ബോധപൂര്വമെന്നപോല് തിരസ്കരിക്കപ്പെടേണ്ടിവരുന്ന കഥാസന്ദര്‍ഭം, നായികയുടെ ചേഷ്ടകളിലൂടെ ഭംഗിയായി പ്രതിപാദിക്കുന്നതില്‍ വിജയിച്ചിരിക്കുന്ന ഈ സിനിമ കാണുക തന്നെ വേണം. ലക്ഷണം കെട്ട ഇത്തരം ബ്ലോഗുകള്‍ വായിച്ചാല്‍ മാത്രം പോരാ!
Tuesday, September 9, 2008
ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്സ് ..
Posted by yempee at 1:34 AM 4 comments
Subscribe to:
Posts (Atom)