കുറേക്കാലമായി സിനിമകള്‍ കാണാന്‍ പറ്റാതിരുന്നതുകൊണ്ട്, ഇനിയെഴുതുമ്പോള്‍ ഒരു നല്ല സിനിമയെക്കുറിച്ചുതന്നെ വേണമെന്നു കരുതിയിരിക്കുകയായിരുന്നു ഞാന്‍ . വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്ന കുറച്ചു സിനിമകളുണ്ടെങ്കിലും, അതേക്കുറിച്ചെല്ലാം വിശദമായ ഊഹാപോഹങ്ങള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക്, ഇത്തവണ എഴുത്ത് ഒരു ആനിമേഷന്‍ ചിത്രത്തെക്കുറിച്ചാക്കുകയാണ്.
നരച്ച ആകാശവും, തീപ്പെട്ടികള്‍ കണക്കെ അടുക്കിവയ്ക്കപ്പെട്ട കെട്ടിടങ്ങളും, വാഹനങ്ങളുടെ ഇരമ്പലും, നിരാശയില്‍ ദ്രവിച്ചു തീരുന്ന ജീവിതങ്ങളുമാണ് മിക്ക നഗരങ്ങളുടെയും മുഖമുദ്ര; ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ ഏകാന്തതയുടെ തടവുകാരായി കഴിയാന്‍ വിധിക്കപ്പെട്ട വാര്‍ദ്ധക്യങ്ങള്‍ അതിന്റെ ഉപോല്പന്നമെന്ന പോലെയും. ഓരോ ജനാലകളും വിരസമായ പതിവു കാഴ്ചകളിലേക്കു തുറക്കപ്പെടുമ്പോള്‍ , സ്വയം കണ്ടെത്തിയ കിളിവാതില്‍ തുറന്ന്, വര്‍ണോജ്ജ്വലമായ മായക്കാഴ്ചകളിലേക്കു ഇറങ്ങിച്ചെല്ലുന്ന ഒരു വൃദ്ധയും അവരുടെ പൂച്ചയും കഥാപാത്രങ്ങളായ ആനിമേഷന്‍ ചിത്രമാണ് ' പ്രിന്റഡ് റെയിന്‍ബോ.' ഭാവനകളിലൂ ടെ സ്വപ്നങ്ങളിലേക്കും ഒടുക്കം മരണത്തിലേക്കുമുള്ള അവരുടെ രക്ഷപ്പെടലിന്റെ കഥ പറയുന്നു ഈ ചിത്രം.
തിരക്കേറിയ, പേരില്ലാത്തൊരു നഗരത്തില്‍ , ഫ്ലാറ്റില്‍ താമസിക്കുന്ന ഒരു വൃദ്ധയ്ക്ക് കൂട്ടായുള്ളത് പൂച്ചയാണ്. തുറന്നുവച്ച, മാറിമാറിവരുന്ന ജനലുകളില്‍ക്കൂടി നാം കാണുന്നത് വൈരസ്യമാര്‍ന്ന ദിനകര്‍മ്മങ്ങളില്‍ , നവീനമായതൊന്നുമില്ലാത്ത, ജഡത്വമാര്‍ന്ന അവരുടെ ജീവിതമാണ്. പക്ഷേ, ജോലികള്‍ തീര്‍ത്തു കഴിഞ്ഞ് അവര്‍ , തന്റെ രഹസ്യ സമ്പാദ്യമായ തീപ്പെട്ടിക്കൂടുകള്‍ മടിയിലെടുത്ത് അതിലൂടെ, മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ, വിസ്മയലോകത്തേക്കാണ് യാത്ര ചെയ്യുക. വിവിധവര്‍ണ്ണങ്ങളില്‍ ചിത്രണം ചെയ്യപ്പെട്ട തീപ്പെട്ടിച്ചിത്രങ്ങളില്‍ ഭാവനയിലൂടെ സ്വപ്ന സഞ്ചാരം നടത്തുകയാണ് അവരും പൂച്ചയും. നിറമില്ലാത്ത ചായങ്ങളാല്‍ ഒരുക്കപ്പെട്ട യഥാര്‍ത്ഥമായ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഇഷ്ടമില്ലാതെ, എന്നേയ്ക്കുമായി, ആ മായിക ലോകത്തു തന്നെ കഴിയാന്‍ തീരുമാനിക്കുകയാണ്, ചിത്രത്തിന്റെ അവസാനം, അവര്‍ . പൂട്ടാന്‍ മറന്നു പോയ വാതില്‍ തുറന്ന് അവരെക്കാണാനെത്തുന്ന അയല്‍ക്കാരനായ വൃദ്ധന് , ചാരുകസേരയില്‍ മരിച്ചു കിടക്കുന്ന ശരീരത്തിനരികിലുള്ള തീപ്പെട്ടിച്ചിത്രത്തിനകത്ത്, ഓജസോടെ, കൈവീശി പാറി നടക്കുന്ന അവരെയാണ് കാണുക.
വിപരീതങ്ങളായ രണ്ട് സാഹചര്യങ്ങള്‍ , വൈരുദ്ധ്യമാര്‍ന്ന രണ്ട് ലോകങ്ങള്‍ എന്നിവയിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരവും, അവരുടെ മനോവ്യാപാരങ്ങളും കാണിച്ച് ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ഏകാന്തതയുടെ നിസ്സഹായതയെയും കുറിച്ചും, അതിര്‍വരമ്പുകളില്ലാത്ത ഭാവനയെയും പറ്റി പ്രതിപാദിച്ച്, വിസ്മയവഹമായ സംവേദനം സാധ്യമാക്കിയിരിക്കുന്നു സംവിധായക ഗീതാഞ്ജലി റാവു.
ഒരു തീപ്പെട്ടിച്ചിത്രത്തില് നിന്നും മറ്റൊന്നിലേക്ക് അനായാസമായി കയറിയിറങ്ങി, നിത്യ ജീവിതത്തില്‍ അസാധ്യമായ മേച്ചില്പുറങ്ങളിലൂടെ നി ര്ബാധമുള്ള സ്വപ്നസഞ്ചാരം, ആത്മീയതയെന്നും പുനര്ജന്മമെന്നുമൊക്കെയുള്ള മിസ്റ്റിക് ചിന്താധാര തന്നെ; അവിശ്വാസികള്‍ക്കത് ലാറ്ററല്‍ തിങ്കിങ്ങും. നദിയിലൂടെ തോണിയാത്രയും, അവിടെ നിന്നുമൊരു കൊട്ടാരത്തിലെ സ്നാനഗ്രൃഹത്തിലേക്കുള്ള പകര്‍ച്ചയും, ദീപങ്ങള്‍ ഒഴുക്കപ്പെട്ട നദിയുടെ കരയില്‍ നിര്‍ന്നിമേഷമായുള്ള ഇരിപ്പും, ആനപ്പുറമേറിയും ലോറിയിലുമുള്ള സഞ്ചാരങ്ങളും പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ മാത്രമല്ല, ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കു കൂടിയാണ്.
ഭാവന നല്കുന്ന സൗന്ദര്യവും അദ്ഭുതങ്ങളും നശ്വരമായ ജീവിതങ്ങള്‍ക്കും, നിഴലു പോലെയുള്ള ജീവനുകള്‍ക്കും പ്രതീക്ഷയ്ക്കു വക നല്കുന്നവ തന്നെയാണെന്നു് മനോഹരമായ ഈ അനിമേഷന്‍ ചിത്രം നമ്മോടു പറയുന്നു.
Wednesday, October 1, 2008
പ്രിന്റഡ് റെയിന്‍ബോ
Posted by yempee at 2:19 AM 0 comments
Subscribe to:
Posts (Atom)