Wednesday, October 1, 2008

പ്രിന്റഡ് റെയിന്‍ബോ

കുറേക്കാലമായി സിനിമകള്‍ കാണാന്‍ പറ്റാതിരുന്നതുകൊണ്ട്, ഇനിയെഴുതുമ്പോള്‍ ഒരു നല്ല സിനിമയെക്കുറിച്ചുതന്നെ വേണമെന്നു കരുതിയിരിക്കുകയായിരുന്നു ഞാന്‍ . വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്ന കുറച്ചു സിനിമകളുണ്ടെങ്കിലും, അതേക്കുറിച്ചെല്ലാം വിശദമായ ഊഹാപോഹങ്ങള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക്, ഇത്തവണ എഴുത്ത് ഒരു ആനിമേഷന്‍ ചിത്രത്തെക്കുറിച്ചാക്കുകയാണ്.

നരച്ച ആകാശവും, തീപ്പെട്ടികള്‍ കണക്കെ അടുക്കിവയ്ക്കപ്പെട്ട കെട്ടിടങ്ങളും, വാഹനങ്ങളുടെ ഇരമ്പലും, നിരാശയില്‍ ദ്രവിച്ചു തീരുന്ന ജീവിതങ്ങളുമാണ് മിക്ക നഗരങ്ങളുടെയും മുഖമുദ്ര; ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ ഏകാന്തതയുടെ തടവുകാരായി കഴിയാന്‍ വിധിക്കപ്പെട്ട വാര്‍ദ്ധക്യങ്ങള്‍ അതിന്റെ ഉപോല്പന്നമെന്ന പോലെയും. ഓരോ ജനാലകളും വിരസമായ പതിവു കാഴ്ചകളിലേക്കു തുറക്കപ്പെടുമ്പോള്‍ , സ്വയം കണ്ടെത്തിയ കിളിവാതില്‍ തുറന്ന്, വ‌‌ര്‍ണോജ്ജ്വലമായ മായക്കാഴ്ചകളിലേക്കു ഇറങ്ങിച്ചെല്ലുന്ന ഒരു വൃദ്ധയും അവരുടെ പൂച്ചയും കഥാപാത്രങ്ങളായ ആനിമേഷന്‍ ചിത്രമാണ് ' പ്രിന്റഡ് റെയിന്‍ബോ.' ഭാവനകളിലൂ ടെ സ്വപ്നങ്ങളിലേക്കും ഒടുക്കം മരണത്തിലേക്കുമുള്ള അവരുടെ രക്ഷപ്പെടലിന്റെ കഥ പറയുന്നു ഈ ചിത്രം.

തിരക്കേറിയ, പേരില്ലാത്തൊരു നഗരത്തില്‍ ‍, ഫ്ലാറ്റില്‍ താമസിക്കുന്ന ഒരു വൃദ്ധയ്ക്ക് കൂട്ടായുള്ളത് പൂച്ചയാണ്. തുറന്നുവച്ച, മാറിമാറിവരുന്ന ജനലുകളില്‍ക്കൂടി നാം കാണുന്നത് വൈരസ്യമാര്‍ന്ന ദിനകര്‍മ്മങ്ങളില്‍ , നവീനമായതൊന്നുമില്ലാത്ത, ജഡത്വമാര്‍ന്ന അവരുടെ ജീവിതമാണ്. പക്ഷേ, ജോലികള്‍ തീര്‍ത്തു കഴിഞ്ഞ് അവര്‍ ‍, തന്റെ രഹസ്യ സമ്പാദ്യമായ തീപ്പെട്ടിക്കൂടുകള്‍ മടിയിലെടുത്ത് അതിലൂടെ, മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ, വിസ്മയലോകത്തേക്കാണ് യാത്ര ചെയ്യുക. വിവിധവര്‍‍ണ്ണങ്ങളില്‍ ചിത്രണം ചെയ്യപ്പെട്ട തീപ്പെട്ടിച്ചിത്രങ്ങളില്‍ ഭാവനയിലൂടെ സ്വപ്ന സഞ്ചാരം നടത്തുകയാണ് അവരും പൂച്ചയും‌. നിറമില്ലാത്ത ചായങ്ങളാല്‍ ‍ ഒരുക്കപ്പെട്ട യഥാര്‍ത്ഥമായ ജീവിതത്തിലേക്ക്‍ തിരിച്ചു വരാന്‍ ഇഷ്ടമില്ലാതെ, എന്നേയ്ക്കുമായി‍, ആ മായിക ലോകത്തു തന്നെ കഴിയാന്‍ തീരുമാനിക്കുകയാണ്, ചിത്രത്തിന്റെ അവസാനം, അവര്‍ ‍. പൂട്ടാന്‍ മറന്നു പോയ വാതില്‍ തുറന്ന് അവരെക്കാണാനെത്തുന്ന അയല്‍ക്കാരനായ വൃദ്ധന്‍‍ , ചാരുകസേരയില്‍ മരിച്ചു കിടക്കുന്ന ശരീരത്തിനരികിലുള്ള തീപ്പെട്ടിച്ചിത്രത്തിനകത്ത്‍, ഓജസോടെ, കൈവീശി പാറി നടക്കുന്ന അവരെയാണ് കാണുക.

വിപരീതങ്ങളായ രണ്ട് സാഹചര്യങ്ങള്‍ ‍, വൈരുദ്ധ്യമാര്‍ന്ന രണ്ട് ലോകങ്ങള്‍ എന്നിവയിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരവും, അവരുടെ മനോവ്യാപാരങ്ങളും കാണിച്ച് ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ഏകാന്തതയുടെ നിസ്സഹായതയെയും കുറിച്ചും, അതിര്‍‌വരമ്പുകളില്ലാത്ത ഭാവനയെയും പറ്റി പ്രതിപാദിച്ച്, വിസ്മയവഹമായ സം‌വേദനം സാധ്യമാക്കിയിരിക്കുന്നു സം‌വിധായക ഗീതാഞ്ജലി റാവു.

ഒരു തീപ്പെട്ടിച്ചിത്രത്തില്‍ നിന്നും മറ്റൊന്നിലേക്ക് അനായാസമായി കയറിയിറങ്ങി, നിത്യ ജീവിതത്തില്‍ അസാധ്യമായ മേച്ചില്‍പുറങ്ങളിലൂടെ നി ര്‍ബാധമുള്ള സ്വപ്നസഞ്ചാരം, ആത്മീയതയെന്നും പുനര്‍‌ജന്മമെന്നുമൊക്കെയുള്ള മിസ്റ്റിക് ചിന്താധാര തന്നെ; അവിശ്വാസികള്‍ക്കത് ലാറ്ററല്‍ തിങ്കിങ്ങും. നദിയിലൂടെ തോണിയാത്രയും, അവിടെ നിന്നുമൊരു കൊട്ടാരത്തിലെ സ്നാനഗ്രൃഹത്തിലേക്കുള്ള പകര്‍ച്ചയും, ദീപങ്ങള്‍ ഒഴുക്കപ്പെട്ട നദിയുടെ കരയില്‍ നിര്‍ന്നിമേഷമായുള്ള ഇരിപ്പും, ആനപ്പുറമേറിയും ലോറിയിലുമുള്ള സഞ്ചാരങ്ങളും പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ മാത്രമല്ല, ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കു കൂടിയാണ്.

ഭാവന നല്‍കുന്ന സൗന്ദര്യവും അദ്ഭുതങ്ങളും നശ്വരമായ ജീവിതങ്ങള്‍ക്കും, നിഴലു പോലെയുള്ള ജീവനുകള്‍ക്കും പ്രതീക്ഷയ്ക്കു വക നല്‍കുന്നവ തന്നെയാണെന്നു്‌ മനോഹരമായ ഈ അനിമേഷന്‍ ചിത്രം നമ്മോടു പറയുന്നു.

Tuesday, September 9, 2008

ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്സ് ..

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറച്ച് നാളുകള്‍ ഡെല്‍ഹിയിലെ നാംഗ്ലോയി വഴി ബസ്സില്‍ യാത്രചെയ്യവെ , റോഡരുകില്‍ ഒരു കെട്ടിടത്തിനു മുകളില്‍ വലിച്ച് കെട്ടിയ ഒരു ബാനര്‍ കണ്ടു ഞാന്‍ അമ്പരന്നു പോയിരുന്നു. ഒരു ഗൈനക്കോളജിസ്റ്റ് അബോര്‍ഷന്‍ സ്പെഷലിസ്റ്റാണു താനെന്നു വിളമ്പരപ്പെടുത്തുന്നതായിരുന്നു അത്. വിദേശ കാറുകളില്‍ വന്നിറങ്ങുന്ന വിഐപിമാരെക്കൂടാതെ, മൂന്നും നാലും ഗ്രഹണിപ്പിള്ളേരുമായി, നിഴലുകള്‍പോലുള്ള പട്ടിണിക്കോലങ്ങള്‍പോലും ദിവസവും തിക്കിത്തിരക്കി നില്‍ക്കുന്ന കാഴ്ച കാണാമായിരുന്നു, അവിടെ. ഡോക്ടര്‍ക്കാവട്ടെ, ഭിവാനിയിലും യമുനാനഗറിലും ഏക്കര്‍ കണക്കിനു കരിമ്പുപാടങ്ങള്‍ ഉദ്ദിഷ്ട കാര്യത്തിനായി വരവു വയ്ക്കപ്പെട്ടിരുന്നുവത്രേ.

നാട്ടില്‍ തൊഴിലാരംഭിച്ചതു മുതല്‍ ഞാന്‍ അഭിമുഖീകരിച്ച ഒരു ഡൈലമ ആയിരുന്നു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി. ഇവിടെയുള്ള സദാചാര ഗൈനക്കോളജിസ്റ്റുകള്‍ ദൈവത്തിന്റെയും മതത്തിന്റെയും പേരു പറഞ്ഞ് ജെന്യൂ യിന്‍ സിറ്റുവേഷനുകളില്‍ക്കൂടിയും മസിലു പിടുത്തം നടത്തുന്നതു മൂലം കേസുകള്‍ കുറയുകയല്ല ചെയ്തത് മറിച്ച്, ഡോക്യു മെന്റേഷന്‍ ഇല്ലാതെ, മെഡിക്കല്‍ ഷാപ്പുകളുടെ ഓരം പറ്റിയും, ലാടന്‍മാരുടെ ഗുദാമുകളിലും അബോര്‍ഷന്‍ തഴച്ച് വളരുന്നതാണു ഞാന്‍ കണ്ടത്. തന്മൂലമുള്ള കോം‌പ്ലിക്കേഷനുകളു ടെ എണ്ണമാവട്ടെ പതിന്മടങ്ങ് കൂടുകയും ചെയ്തു; അതൊക്കെ ഇപ്പറഞ്ഞ സദാചാരികള്‍ തന്നെ, ലാടനെ പ്രാകിക്കൊണ്ടാണെങ്കിലും, ശരിപ്പെടുത്തേണ്ടിവരികയും ചെയ്തുകൊണ്ടിരുന്നുവെന്നല്ലാതെ വേറെന്ത്!

കമ്യൂ ണിസ്റ്റ് ഭരണകാലത്ത് റൊമേനിയയില്‍ അബോര്‍ഷന്‍ നിയമവിരുദ്ധമായിരുന്നു. ഒരു പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി കൂട്ടുകാരിയെ അവിഹിത ഗര്‍ഭം ഇല്ലാതാക്കാന്‍ സഹായിക്കുന്നതും, ശ്രമിച്ച് വിജയിക്കുന്നതുമാണു "ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്സ് " എന്ന, 2007-ല്‍ പാം ഡി ഓര്‍ നേടിയ, റൊമേനിയന്‍ ചിത്രത്തിന്റെ ഇതിവൃത്തം.

അനധികൃതമായതു കൊണ്ടു തന്നെ പൈസച്ചെലവേറുമെന്നതിനാല്‍ , ഇരന്നും വിലപേശിയുമൊക്കെയാണു അവര്‍ ഹോസ്റ്റലിലുള്ള കൂട്ടുകാരില്‍ നിന്നും അബോര്‍ഷനുള്ള പണവും സാധനങ്ങളും സ്വരൂപിക്കുന്നത്. ഒരുപാടു നുണകളിലൂടെയും നെറികേടുകളിലൂടെയുമാണു കഥ വികസിക്കുന്നത്‌. ഗര്‍ഭകാലത്തെക്കുറിച്ചും, കാരണത്തെക്കുറിച്ചും, ഹോട്ടലില്‍ മുറി ബുക്കു ചെയ്യുന്ന കാര്യത്തെക്കുറിച്ചായാലുമെല്ലാം നുണകള്‍ തന്നെയാണു ഗര്‍ഭിണി പറയുക. എന്നിരുന്നാലും തന്റെ പ്രണയവും ജീവിതവും മാറ്റി വച്ച് അവളെ സഹായിക്കാനൊരുങ്ങുന്ന കൂട്ടുകാരി ഛിദ്രകന്റെ ബ്ലാക്ക് മെയിലിങ്ങിനിരയായി അയാളുമൊത്ത് ശയിക്കാന്‍ വരെ തയ്യാറാവേണ്ടി വരുന്നുണ്ട് സിനിമയില്‍ .

കാതലായ ഒരു ജീവിതപ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനിടെ, സഹവര്‍ത്തിത്വം, ഉത്തരവാദിത്തബോധം, ഒറ്റപ്പെടല്‍ , സഹാനുഭൂതി, സഹിഷ്ണുതയില്ലാത്ത സമൂഹം തുടങ്ങിയ ഒട്ടനവധി തലങ്ങളിലൂടെ സഞ്ചരിച്ച്, 24 മണിക്കൂറിനിടയില്‍ മറവിയിലേക്ക്‌ ബോധപൂര്‍‌വമെന്നപോല്‍ തിരസ്കരിക്കപ്പെടേണ്ടിവരുന്ന കഥാസന്ദര്‍ഭം, നായികയുടെ ചേഷ്ടകളിലൂടെ ഭംഗിയായി പ്രതിപാദിക്കുന്നതില്‍ വിജയിച്ചിരിക്കുന്ന ഈ സിനിമ കാണുക തന്നെ വേണം. ലക്ഷണം കെട്ട ഇത്തരം ബ്ലോഗുകള്‍ വായിച്ചാല്‍ മാത്രം പോരാ!

Friday, August 22, 2008

'ഹോട്ടല്‍ റു വാണ്ട'

കേരളത്തിലെ മലയാളികള്‍ക്ക് ഒന്നിനെയും പറ്റി പറയാന്‍ യാതൊരു അവകാശവുമില്ലെന്നു ഞാന്‍ വിചാരിക്കുന്നു. സ്വന്തം കാര്യം, തന്റെ മിടുക്ക്, ഭാഗ്യം, കുട്ടികള്‍ , പ്രോപ്പര്‍ട്ടി എന്നല്ലാതെ വേറിട്ടോ രു കാഴ്ചപ്പാടു വച്ചു പുലര്‍ത്തുന്ന അധികമാരെയും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ബന്ധുക്കള്‍ , പരിചയക്കാര്‍ , രോഗികള്‍ , സൈക്കോളജി, മാധ്യമങ്ങളിലൂടെയു ള്ള അറിവ് എന്നിവ വച്ചാണു ഞാന്‍ ഈ കാച്ചു കാച്ചുന്നത്. ഹോട്ടല്‍ റുവാണ്ട എന്ന സിനിമ കണ്ടു കഴിഞ്ഞതിനു ശേഷമാണു ഇക്കണക്കിനുള്ള ചിന്ത എനിക്കു വന്നതു തന്നെ.

അയല്‍‌വക്കക്കാരന്റെ കാര്യങ്ങളിലു ള്ള ഉല്‍ക്കണ്ഠ‍, ഇന്റലക്‌ച്വല്‍ മാസ്റ്റര്‍ബേഷന്‍ , മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ക മ്മ്യൂ ണിസം പഠിപ്പിക്കല്‍ , അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഉപന്യാസരചന ഇവയൊക്കെയാണു നമ്മള്‍ നേരി ടുന്ന ദൈനംദിന കലാമിറ്റികള്‍ . അല്ലാതെ, അതി ശൈത്യം, വരള്‍ച്ച, സിവില്‍ വാര്‍ , ലാവ, ജെനസൈഡ്, പട്ടിണി, പട്ടാള ഭരണം, ഭൂകമ്പം എന്നിവ അനുഭവിക്കുന്നതു പോകട്ടെ, ഒന്നു ചിന്തിച്ചു ബോധ്യ പ്പെടാന്‍
പോലും പ്രാപ്തി ഉള്ളവര്‍ എത്രപേരുണ്ടെന്നു ഊഹം കൊണ്ടു തന്നെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. സുനാമി വന്നിട്ടും ഫണ്ടു വകമാറ്റമെന്ന എക്കണോമി ക്സ്‌ അല്ലാതെ മലയാളി വേറെയൊന്നും പഠിച്ചതുമില്ല.

ഉറക്കം വരാത്ത പ്പോഴാണു സിനിമ കാണല്‍ എന്നു മുമ്പു പറഞ്ഞെ ങ്കിലും ചില സിനിമകള്‍ കണ്ട്‌ എനിക്കു്‌ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്‌. അങ്ങനെയുള്ള ഒരനുഭവമാണു ഹോട്ടല്‍ റുവാണ്ട.

1994ല്‍ , ടോട്സി വംശജരായ എട്ടു ലക്ഷ ത്തോളം പേരെ ഹുടു വംശജര്‍ കൊന്നൊടുക്കുന്നതിനിടെ ഒരു ഹോട്ടല്‍ മാനേജര്‍ തന്റെ കുടുംബത്തോടൊപ്പം ആയിരത്തോളമാള്‍ക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ കഥയാണിത്. ഒപ്പം, അമേരിക്കയും യൂറോപ്പും ജെനസൈഡ് നടക്കുമ്പോള്‍
എത്ര നിസ്സംഗവും, ഐക്യരാഷ്ട്ര സഭയുടെ സമാധാനസേന എത്രമാത്രം നിരര്‍ഥകവും, ആയിരുന്നെന്നുവെന്നും സിനിമ നമുക്കു കാണിച്ചു തരും .

കഥാസാരം കഠോരമായിപ്പോയെങ്കിലും, കഥാസന്ദര്‍ഭം നമ്മുടെ മനസ്സിനെ ഉലയ്ക്കുമെന്ന് തീര്‍ച്ച. മാനേജരും ഭാര്യയും കുട്ടികളും അഭയാര്‍ത്ഥികളും ജെനസൈഡും യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണ്‌. അതിരാവിലെ, ഇരുട്ടില്‍ , പുഴയോരത്തു കൂടെ വാനില്‍ ‍യാത്ര ചെയ്യവേ, റോഡില്‍ കുഴികളും കൂനകളും കാരണമെന്ന പോലെ വണ്ടി കുലുങ്ങിക്കുലുങ്ങി, യാത്ര ദുസ്സഹമാവുന്നേരം, കാണെക്കാണെ കോടമഞ്ഞു മാഞ്ഞുവരുമ്പോള്‍ പാതയിലും വശങ്ങളിലും പലായനത്തിനിടെ കൊല ചെയ്യപ്പെട്ടവരുടെ ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ച കരളലിയിക്കുന്നതു തന്നെ.

ആത്മ സം‌യമനത്തോടെ നിര്‍മ്മിച്ചതു കാരണം ഡോക്യു മെന്ററിയായി പാളിപ്പോവാതെ,
ഹോട്ടല്‍ റുവാണ്ട ഉദാത്തമായ കലാസൃഷ്ടിയായി നിലകൊള്ളുന്നു. ജെനസൈഡിന്റെ ഭീകരതയും, വയലന്‍സുമെല്ലാം നമ്മെ ഹോ ണ്ടു ചെയ്യു മെ ങ്കി ലും, സ്‌നേഹവും മാനവികതയുമാണു ഏതു പ്രതിബന്ധങ്ങള്‍ക്കു മീതെയും ഉയര്‍ന്നുനില്‍ക്കുകയെന്നു നാം മനസ്സിലാക്കും.


കൂടാതെ, കേരളത്തി ല്‍ ജനിച്ച തിലും
ജീവിക്കാന്‍ സാധിക്കുന്നതിലും ഒന്നു ഊറ്റംകൊള്ളുകയും ആവാം.

Wednesday, August 13, 2008

'എ ടച്ച് ഓഫ് സ്പൈസ് '



തുര്‍ക്കിയും ഗ്രീസും അടുത്തടുത്ത രാജ്യങ്ങളാണ്‌. രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ കച്ചവടക്കാരെ പരസ്പരം നാടു കടത്തുകയാണു പതിവു രീതി. അങ്ങനെ നാടുകടത്തപ്പെട്ട ഒരു കുട്ടി മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞു ഇസ്താന്‍ബൂളിലേക്കു തിരിച്ചു വരുന്നതും, അവന്റെ ഓര്‍മ്മകളും പ്രണയവും രാഷ്ട്രീയവും ജീവിതവുമെല്ലാം കറിക്കൂ ട്ടു ക ളി ലൂ ടെ യും രുചിയു ത്സ വങ്ങ ളി ലൂ ടെ യും പറഞ്ഞു പോകുന്ന രീതിയിലാണ്‌ ഈ ഗ്രീക്ക് സിനിമ.

തന്റെ പലചരക്കു കടയിലുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ കറിക്കൂട്ടുക ള്‍ മാത്രമല്ല, ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ കൂടി സഹായകരമാകുന്നവയാണെന്നാണ്‌ മുത്തച്ഛന്റെ ഫിലോസഫി. ജിയോഗ്രാഫിയും ആസ്ട്രോണമിയുമെല്ലാം ഫാനിസ് എന്ന കുട്ടി പഠിക്കുന്നത് അവയിലൂടെയാണ്‌. സൈമെ എന്ന തുര്‍ക്കി പെണ്‍കുട്ടിയുമായി അവന്‍ ഇഷ്ടത്തിലാവുന്നതും ആ കടയുടെ തട്ടിന്‍പുറത്തു വച്ചായിരുന്നു.

സന്തോഷഭരിതമായ ദിനങ്ങളു ടെ ഓര്‍മ്മകളെല്ലാം തന്നെ കുടുംബത്തില്‍ നടക്കുന്ന ഒത്തു ചേര ലു ക ളു ടേ തും അതൊടൊപ്പമുള്ള വിരുന്നുകളു ടെ രുചി ഭേദ ങ്ങ ളു ടേ തു മാ യി രി ക്കും.

പക്ഷേ മാറിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ മുത്തച്ഛനെ തനിയെ വിട്ട് ഫാനിസിനും‍ കുടുംബത്തിനൊപ്പം ഗ്രീസിലേക്കു താമസം മാറേണ്ടി വരികയാണു്‌. ഒരിക്കലും സ്വന്തമെന്നു തോന്നാത്തൊരു നാട്ടില്‍ ചെന്നു പെട്ട ഫാനിസ് അടുക്കളയിലൂടെയും പാചകക്കു റി പ്പു കളിലൂ ടെയുമായി തന്റെ ഓര്‍മ്മകളിലൂടെ സഞ്ചാരം നടത്തുകയാണു്‌ ചെയ്യുക. വിഷാദരോഗവും മറ്റു മൊ ക്കെ യാ ണു കുട്ടി ക്കെ ന്നാണ്‌ അവന്റെ അമ്മ സംശയിക്കുന്നത്. നാടു വിടാനൊരുമ്പെട്ട്‌ ട്രെയിനില്‍ക്കയറിയെങ്കിലും ഉറങ്ങിപ്പോയതുകാരണം പിടിയിലാവുന്നതും വേശ്യാലയത്തിലെ അടുക്കളയില്‍ വച്ച് ബോയ് സ്കൗട്ടിനെ കണ്ടെത്തുന്നതും പ്രെഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അമ്മായിയുടെ പാര്‍ക്കി ന്‍സോണിസം ഭേദപ്പെടുന്നതും പിന്നീടത് മിക്സി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തിരിയെ വരുന്നതുമെല്ലാം രസകരമായ സംഭവങ്ങളാണു്‌.

പിന്നീട് പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനായി മാറിയെങ്കിലും തന്റെ പാചകവൈഭവം ഫാനിസ് കാത്തുസൂക്ഷിക്കുന്നുണ്ട്.

രാഷ്ട്രീയമായതുകൊണ്ട്, സ്ഥിതികള്‍ മാറിക്കഴിഞ്ഞ് രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ച മാറിയെങ്കിലും മുത്തച്ഛന്‍ ഫാനിസിനെ കാണാന്‍ വരുമെന്നു പറയുന്നതല്ലാതെ ഓരോ തവണയും യാത്ര മാറ്റിവെക്ക പ്പെടുകയാണു്‌. കത്തുകളും, ഡോക്ടര്‍മാരെ കാണിച്ച് സെക്കന്‍ഡ് ഒപ്പീനിയനെടുക്കാന്‍ വേണ്ടി, തന്റെ എക്സ് റേകളും അയച്ചു കൊടുക്കു മെന്നതല്ലാതെ അദ്ദേഹം വരുന്നതേയില്ല. അസുഖം മൂര്‍ച്ഛിച്ച മുത്തച്ഛ‍നെ കാണാന്‍ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ചെല്ലുന്ന ഫാനിസ്, വിവാഹിതയായ തന്റെ കളിക്കൂ ട്ടു കാരിയെ കാണുന്നു. ഒടുവില്‍, പൊളിറ്റിക്സ് തങ്ങ ളൂടെ ജീവിതത്തെ എത്ര മേല്‍ കീഴ്മേല്‍ മറിച്ചു കളഞ്ഞുവെന്നോര്‍ത്ത്, തങ്ങളു ടെ ജീവിതത്തില്‍ മാത്രം ഒരു നുള്ള് ഉപ്പ് വിതറാന്‍ മറന്നുപോയതില്‍ വിഷണ്ണരായി, പര‍സ്പരം അകന്നു പോവുകയാണ്‌ രണ്ടുപേരും.

കഥ ചുരുക്കിപ്പറഞ്ഞാല്‍ അതിന്റെ കഥ കഴിയുമെന്ന് അറിയാഞ്ഞിട്ടല്ല, വലിച്ച്‌ ‌ വാ രി എഴുതിയാല്‍ കാക്ക പോലും തിരിഞ്ഞു നോക്കില്ലെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടു മാത്രമാണ്‌ ഈ സാഹസത്തിനു മുതിര്‍ന്നത്.


ഇനി എനിക്കിഷ്ടം തോന്നിയ ചില ഡയലോഗുകള്‍ :

"Both food and life require salt in order to be tastier."

"In life, there are two kinds of travelers. Those who look in the map are leaving, and those who look in the mirror are coming home."

"Never tell a woman the stars she see don't exist. Talk to me about something invisible."

"Why didn't you come back all these years?
I was afraid. Of the moment of of having to leave again."

"Old wounds are sneaky. They have a life of their own. Are you still in love with her?"

"Don't look back Saime, on train platforms we look back, and that image remains as a promise.."


സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ രണ്ടു ആശകള്‍ :
ഒന്ന്: ഇസ്താംബൂള്‍ കാണണം.
രണ്ട്: എന്റെ സൈമെയെ ഉടനേ കണ്ടെത്തണം.











Monday, July 21, 2008

why movies? why early morning? why mine?

കാരണം എന്റെ തൊഴില്‍ വൈദ്യ വൃത്തി ആണ്‌.

രാപ്പകല്‍ എന്നില്ല്ലാതെ ഞാന്‍ രോഗികളെ പരിശോധിക്കുന്നു.
എന്നെ മാത്രം തേടി വരുന്നവരെന്നു ഞാന്‍ കരുതുന്ന ഇന്നാട്ടുകാരെ സമയമില്ലെന്നു പറഞ്ഞു ഞാന്‍ മടക്കുന്നതെങ്ങനെ?
സുസ്മേരവദനനായി അവരോടിടപെഴുകുന്നതുകാരണം, ഭാഗ്യവശാല്‍ , ഞാന്‍ ഉറങ്ങാറുണ്ടോ
എന്നൊന്നും
ഇതുവരെ ആരെക്കൊണ്ടും ചോദിപ്പിക്കേണ്ടി വന്നിട്ടില്ല.

നേരം കെട്ട നേരത്ത്
വന്നു
കേറുന്ന രോഗിയെ നോക്കിക്കഴിഞ്ഞ് ഞാന്‍ കിടക്കയില്‍ കിടന്നുകൊണ്ട്‌
ഉറക്കം
വരുന്നതു വരെ സിനിമ കാണും. കുറേ കണ്ടു കഴിഞ്ഞപ്പോള്‍ ആരോടെങ്കിലും പറയണമെന്നു തോന്നി. കേട്ടവര്‍ക്കൊന്നും മനസ്സിലാവാത്തതുകൊണ്ട് ഇതിപ്പോള്‍ നിങ്ങളോടു പറയുന്നു.

തുടക്കം 'എ ടച്ച് ഓഫ് സ്പൈസ് ' എന്ന ഗ്രീക്ക് സിനിമയെക്കുറിച്ചാണ്‌. റാന്‍ഡം സെലക് ഷന്‍ ആയതു കൊണ്ട്‌, കാണുന്നതില്‍ എഴുതാന്‍ വകയുള്ള എല്ലാത്തിനേയും കുറിച്ച് എഴുതാന്‍ ശ്രമിക്കും. ഫോറസ്റ്റ് ഗംപ്, നോ കണ്‍ട്രി ഫോര്‍ ഓള്‍‍ഡ് മെന്‍ , ദ് ലൈവ്സ് ഓഫ് അദേഴ്സ്, ഫോര്‍ മന്ത്സ് ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്സ്, അപരാജിതോ,
അമേരിക്കന്‍ ബ്യൂ ട്ടി, സിറ്റി ഓഫ് ഗോഡ്, ഡിപ്പാര്‍ട്ടഡ്‍ ,അമെലീ, പാന്‍സ് ലാബിറിന്ത്, ഡെത്ത് പ്രൂഫ്, യോജിംബോ, റ്റാക്സി , ലവ് ഇന്‍ ദ ടൈം ഓഫ് കോളറ എന്നിങ്ങനെ...


ഇനിയിപ്പോള്‍ നിങ്ങളായി,
നിങ്ങളു
ടെ പാടായി!