പുതുപ്പെണ്ണായ ഭാര്യയെ, കഴിഞ്ഞ മൂന്നു മാസം, പകല്‍സമയത്ത്, മുറിയില്‍ ഒറ്റയ്ക്കാക്കിയാണ് ഞാന്‍ രോഗികളെ കണ്ടുകൊണ്ടിരുന്നത്. ഏകാന്തവാസത്തിന്റെ വിരസത മാറ്റാനായി, ഞാനവള്‍ക്ക്, കുറേയധികം സിനിമകളുടെ ഡിവിഡികള്‍ സജസ്റ്റ് ചെയ്തിരുന്നു. ഷോവിനിസ്റ്റ് പിഗ് ആയ ഞാന്‍ ,സിനിമയെന്നു പറഞ്ഞാല്‍ ഷാരൂഖ്, അല്ലെങ്കില്‍ രാവണപ്രഭു എന്നു വിചാരിച്ചു നടന്ന അവളെ ശരിപ്പെടുത്തിയെടുക്കാന്‍ പറ്റുമോ എന്നറിയാനുള്ള ടെസ്റ്റ് ഡോസ് കൂടിയായിട്ടായിരുന്നു ഈ ഉദ്യമത്തിനു മുതിര്‍ന്നത്. ഒറ്റയ്ക്കിരുത്തപ്പെട്ടതിന്റെ പൊട്ടലുകളും ചീറ്റലുകളുമുള്ള ഒരു ദിവസം ഞങ്ങള്‍ ഒന്നിച്ചിരുന്നു കണ്ട ഒരു സിനിമയാണ് ദ് ഡാര്‍ജിലിങ് ലിമിറ്റഡ്.
സായിപ്പിന്റെ ഫിലോസഫിയാണെങ്കിലും, സ്പിരിച്വലാണു സാധനമെങ്കിലും, ഇന്ത്യക്കാരെ കളിയാക്കുന്നില്ലെന്നുള്ള ഒരു ഗുണമുണ്ട് ഇതിന്. അച്ഛന്റെ മരണശേഷം തമ്മില്‍ക്കാണാതിരുന്ന മൂന്നു സഹോദരങ്ങള്‍ ,ഇന്ത്യയില്‍ വന്ന്, രാജസ്ഥാന്‍ വഴി ഡാര്‍ജിലിങ് എക്സ്പ്രസിലൂടെ നടത്തുന്ന ആത്മീയ യാത്രയാണിതിന്റെ ഇതിവൃത്തം.
മൂത്തസഹോദരനായ ഫ്രാന്‍സിസ് ആണ് യാത്രയുടെ കാര്യങ്ങള്‍ ഒരുക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബം ഉപേക്ഷിച്ച്, കന്യാസ്ത്രീയായി, സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന അമ്മയെ കണ്ടെത്തുക, ശിഥിലമായിക്കിടക്കുന്ന കുടുംബത്തെ ഒന്നിപ്പിക്കുക, ജീവിതത്തിന്റെ അര്‍ത്ഥം തെരയുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യങ്ങള്‍ . പക്ഷേ, കാര്യങ്ങളൊന്നും വിചാരിച്ച പടി നടക്കുന്നില്ല; പരസ്പര വിശ്വാസമില്ലായ്മ, തോന്ന്യവാസം, തരികിട തുടങ്ങിയ കൈയിലിരിപ്പുകള്‍ തന്നെ കാരണം. യാത്രക്കിടെ ട്രെയിനില്‍ നിന്നും ഇറക്കി വിടപ്പെട്ട്, മരുഭൂമിയിലുള്ള ഒരു ഗ്രാമത്തില്‍ എത്തിപ്പെടുന്ന അവര്‍ , കനാല്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിടെ ഒലിച്ചുപോവുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. രണ്ടു പേരെ രക്ഷിക്കാനായെങ്കിലും, മരണപ്പെട്ട കുട്ടിയെ ഗ്രാമത്തിലെത്തിച്ച അവര്‍ ഗ്രാമജീവിതത്തിന്റെ ലാളിത്യം, അനുകമ്പയാര്‍ന്ന ഇടപെടലുകള്‍ , നശ്വരമായ ജീവിതത്തോട് സമരസപ്പെട്ട, പരാതികളില്ലാത്ത ഗ്രാമീണര്‍ എന്നിവയെല്ലാം കണ്ട് ഉദ്ബുദ്ധരാവുന്നുമുണ്ട്.
രസകരങ്ങളായ സംഭവവികാസങ്ങളിലൂടെ കഥ മുന്നേറുന്നതിനിടെ സഹോദരങ്ങള്‍ പരസ്പരം അടുക്കുന്നു. അമ്മയെ കണ്ടെത്തുന്നു. ആത്മീയമെന്നു വിളിക്കാനാവില്ലെങ്കിലും, ജീവിതത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകളിലൂടെ ആകസ്മികമായെങ്കിലും കടന്നുപോവുന്നു. പുറപ്പെട്ട ട്രെയിനിനു പുറകേയോടി, ഓട്ടത്തിനിടെ ബാഗുകള്‍ വലിച്ചെറിഞ്ഞ്, കയറിപ്പറ്റിയ സഹോദരങ്ങളുടെ ക്ലോസപ്പുകളില്‍ തുടങ്ങി, ട്രെയിനിനകത്ത് വിവിധ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്ന വിവിധ പ്രശ്നക്കാരായ യാത്രക്കാരിലൂടെ, സത്യജിത് റേയുടെ പോസ്റ്ററിലൂടെ, വളഞ്ഞ് പുളഞ്ഞോടുന്ന ട്രെയിന്‍ ബോഗികളിലൂടെ കഥ പര്യവസാനിക്കുന്നു.
അഡ്രിയാന്‍ ബ്രോഡി, ഓവെന്‍ വില്‍സണ്‍ , ജെയ്സണ്‍ ഷ്വാട്സ്മാന്‍ എന്നിവരാണ് സഹോദരങ്ങളുടെ റോളുകളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാരില്‍ പ്രമുഖര്‍ വാരിസ് അലുവാലിയയും ഇര്‍ഫാന്‍ ഖാനും. സത്യജിത് റേയുടെ ആരാധകനായ സംവിധായകന്‍ വെസ് ആന്‍ഡേഴ്സണ്‍ , ചിത്രത്തിലുപയോഗിച്ചിരിക്കുന്ന ഇന്ത്യന്‍ സൌണ്ട് ട്രാക്കുകള്‍ മിക്കവയും അദ്ദേഹത്തിന്റെ ചിത്രങ്ങളിലേതാണ്. റേയ്ക്കാണ് ചിത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതും.
എന്റെ ഭാര്യയ്ക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്നതു മുതലാക്കി അഞ്ചാറു യമകണ്ടന്‍ പടങ്ങള്‍ ഞാന്‍ റെഡിയാക്കി വച്ചിട്ടുണ്ട്. അവയെക്കുറിച്ച് വഴിയേ പറയാം; നേരം ഇപ്പോള്‍ പാതിരാത്രിയായി!
Saturday, January 3, 2009
ദ് ഡാര്‍ജിലിങ് ലിമിറ്റഡ്
Posted by yempee at 11:22 PM
Subscribe to:
Post Comments (Atom)
1 comments:
kollaam...I saw this film and I liked it.
Post a Comment